Kerala

ഡോക്ടറെത്തിയില്ല; കണ്ണൂര്‍ പാനൂരില്‍ പ്രസവ ശുശ്രൂഷ കിട്ടാതെ കുഞ്ഞ് മരിച്ചു

കണ്ണൂര്‍ പാനൂരില്‍ നവജാത ശിശു മരിച്ചു. മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാനൂർ സി.എച്ച്.സി യിൽ വിവരമറിയിച്ചിരുന്നു. എന്നാൽ കോവിഡ് കാലമായതിനാൽ വീട്ടിലെത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പാനൂര്‍ സി. എച്ച്.സിയിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. എട്ടാംമാസത്തിലാണ് പ്രസവം എന്നതിനാല്‍ മാസം തികയാതെയായിരുന്നു കുഞ്ഞിന്‍റെ ജനനം.

ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വീട്ടില്‍ വരാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഇതിനിടയില്‍ സമീറയുടെ പ്രസവം നടക്കുകയും കുഞ്ഞ് മരിച്ചു പോവുകയുമായിരുന്നു. ഡോക്ടര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ആശുപത്രിയിലായിരുന്നു യുവതി ഗര്‍ഭകാല ചികിത്സതേടിയിരുന്നത്. പെട്ടെന്ന് അവിടെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിര സഹായം എന്ന നിലയ്ക്കാണ് ബന്ധുക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സമീപിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി പാനൂര്‍ സി. എച്ച്. സിയിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റികൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. സംഭവം വേദനാജനകമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.