തൊടുപുഴ: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമാക്കാനും നെറ്റ് വര്‍ക് തടസ്സങ്ങള്‍ പരിഹരിക്കാനുമായി ഡീന്‍ കുര്യാക്കോസ് എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കലക്ടര്‍ എച്ച്. ദിനേശന്, അസി. കലക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു.
പഴമ്ബിള്ളിച്ചാല്‍, മുക്കുളം, മുണ്ടന്നൂര്‍, ചിന്നപ്പാറക്കുടി, കുറത്തിക്കുടി, മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ്, കൈതപ്പാറ, സന്യാസിയോട തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമല്ലാത്തതും തടസ്സപ്പെടുന്നതും എം.പിയും കലക്ടറും സേവനദാതാക്കളെ അറിയിച്ചു. മൊബൈല്‍ റേഞ്ചിെന്റ അഭാവം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം ദുരന്ത മുന്കരുതലിെന്റ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന് ദേവികുളം സബ് കലക്ടര്‍ പെട്ടിമുടി ദുരന്ത പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജില്ലയില്‍ ടെലികോം സേവനം തടസ്സമില്ലാതെ ലഭിക്കാനും ഒറ്റപ്പെട്ട മേഖലകളില്‍ സേവനം എത്തിക്കാനും ആവശ്യമായ നിര്‍ദേശം രണ്ടാഴ്ചക്കകം തയാറാക്കി നല്‍കുമെന്ന് മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.