കൊച്ചിയില്‍ ഇരുപത് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പൊലീസ്. പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അന്വേഷണം നടത്തുമന്നും പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെയും കൊലപാതക കുറ്റം ചുമത്തുമെന്നും കൊച്ചി ഡി.സി.പി പറഞ്ഞു. അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കെതിരെ കോണ്ഗ്രസ് ഇന്ന് പനങ്ങാട് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
കൊല്ലപ്പെട്ട അര്‍ജ്ജുനെ കാണാതായതായി പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്താതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. അുകൊണ്ട് തന്നെ ദുരൂഹതകള്‍ അവസാനിക്കാത്ത കേസില്‍ കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട അര്‍ജ്ജുന്റെയും പ്രതികളുടെയും ലഹരി മരുന്നുപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അന്വേഷണം നടത്തും. ഇതിനായി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചതായി ഡി.സി.പി പൂങ്കുഴലി പറഞ്ഞു.
അര്‍ജ്ജുന്റെ സുഹൃത്തുക്കളായിരുന്ന നിപിന്‍, റോണി, അനന്ദു, അജിത്കൂമാര്‍ എന്നിവരെ കൂടാതെ 17 വയസുകാരനായ മറ്റൊരാളെയും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുതര കുറ്റ കൃത്യമായതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത ആള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തുമെന്നും ആവശ്യമെങ്കില്‍ മറ്റു പ്രതികള്‍ക്കൊപ്പം വീണ്ടു ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്നലെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ പൊലീസിന്റെ ഗുരുതര അനാസ്ഥക്കെതിരെ പനങ്ങാട് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്യും.