തിരുവനന്തപുരം: യാത്രക്കിടെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. തിരുവനന്തപുരത്തുനിന്ന് മുംബൈ ലോകമാന്യതിലക് ടെർമിനലിലേക്ക് പുറപ്പെട്ട 16346-ാം നമ്പർ നേത്രാവതി എക്സ്പ്രസിന്റെ മൂന്ന് ബോഗികള്‍ ഒഴികെയുള്ളവയാണ് വണ്ടിയുമായി വേർപ്പെട്ടത്. വേര്‍പെട്ട ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുമ്പോള്‍ എഞ്ചിനും മൂന്ന് ബോഗികളുമായി വണ്ടി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് കൊച്ചുവേളി പിന്നിട്ടു. പിന്നീട് വേര്‍പെട്ട ബോഗികള്‍ 10.40 -ന് കൂട്ടിഘടിപ്പിച്ചതിന് ശേഷം ട്രയിന്‍ യാത്ര തുടര്‍ന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ട്രയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്.
രാവിലെ 9.30 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് പേട്ടയില്‍ വെച്ച് രണ്ടായി മുറിഞ്ഞത്. ഈ ബോഗിയില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. എഞ്ചിനും മറ്റ് ബോഗികളും പോയ കാര്യം വണ്ടിയിലുള്ള യാത്രക്കാര്‍ ആദ്യം അറിഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവമറിയുന്നതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
ബോഗി വേര്‍പെട്ട കാര്യം ലോക്കോപൈലറ്റും മറ്റും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബോഗികൾ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് തകരാറിന് കാരണമെന്നാണ് സൂചന. ആര്‍ക്കും പരിക്കില്ല.
തിരുവനന്തപുരത്തിനും മുംബൈക്കും ഇടയിൽ ദിവസേന സർവീസ് നടത്തുന്ന ട്രയിനാണ് നേത്രാവതി. കൊങ്കൺ റെയിൽവേ പാത വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.