India Kerala

നെതര്‍ലാന്റ് രാജാവിന്റെ സന്ദര്‍ശനം; ഗംഭീര സ്വീകരണം ഒരുക്കി കൊച്ചി

നെതര്‍ലാന്റ് രാജാവിന്റെയും രാഞ്ജിയുടെയും കൊച്ചി പര്യടനം തുടരുന്നു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാവസ്തുരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

ഗംഭീര സ്വീകരണമാണ് ഡച്ച് രാജാവിനും പത്നിക്കും കൊച്ചി നൽകിയത്. മട്ടാഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു പര്യടനം ഏറെയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവ ഇരുവരും സസൂക്ഷ്മം വീക്ഷിച്ചു. ‘ഇന്ത്യയും നെതർലാൻഡ്സും: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ കൊട്ടാരത്തിലെ ഛായാചിത്ര ഹാളിൽ നടന്ന സെമിനാറിലും അവർ പങ്കെടുത്തു. കേരളത്തിൽ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകൾ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററിയും ഇരുവര്‍ക്കായി പ്രദര്‍ശിപ്പിച്ചു. നൂറ്റാണ്ടുകൾക്കു മുമ്പ് ഡച്ചുകാർ തയ്യാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദർശനം കൊട്ടാരത്തിൽ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. രാജസന്ദർശനത്തിന്റെ ഭാഗമായി നാഷണൽ ആർക്കൈവ്സ് മുൻകൈയെടുത്താണ് ഭൂപടങ്ങൾ സ്ഥാപിച്ചത്. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി കൈവശമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ വിശിഷ്ടാഥികള്‍ക്കായി മുഖ്യമന്ത്രി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.