നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കാഠ്മണ്ഡു എച്ച്.എ.എം.എസ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രണ്ട് വിമാനത്തിലായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എച്ച്.എ.എം.എസ് ആശുപത്രിയിലുണ്ട്.
തിരുവനന്തപുരം ചെങ്കോട്ട് കോണം സ്വദേശി പ്രവീണും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിങ്കള്‍ രാത്രി 9.30നാണ് 15 അംഗ സംഘം ധാമന്‍ എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍ ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ താമസിച്ചിരുന്നത്. രാവിലെ റൂം തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹീറ്റര്‍ ഉപയോഗിച്ചപ്പോഴുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് ചോര്‍ച്ച ഉണ്ടായതായും സംശയിക്കുന്നു. മറ്റൊരു മുറിയിലായതിനാല്‍ രഞ്ജിത്തിന്റെ മൂത്തമകന്‍ മാധവന്‍ രക്ഷപ്പെട്ടു.