നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം സംസ്കരിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വലിയ ജനാവലിയുണ്ടായിരുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ സംസ്കാര ചടങ്ങിനെത്തി. മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരെ ഒരു കുഴിയിലാണ് സംസ്കരിച്ചത്.
20ാം തിയതി രാത്രി 9.30നാണ് 15 അംഗ സംഘം ധാമന്‍ എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍ ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ താമസിച്ചിരുന്നത്. രാവിലെ റൂം തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.