Kerala

നേമത്ത് മുരളി വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് സര്‍വേ

കെ മുരളീധരൻ നേമത്ത് മത്സരിക്കുന്നത് യു.ഡി.എഫിന് ​ഗുണകരമാകുമെന്ന് സർവേ. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മീഡിയവൺ – പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സർവേയുടെ രണ്ടാം ഘട്ടത്തിലാണ് നേമത്തെ മുരളീധരന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിന്‍റെ പ്രകടനത്തില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്തിയത്. മാർച്ച് 15 മുതൽ 23 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്.

ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് 27 ശതമാനം പേർ ​ഗുണചെയ്യുമെന്നും, 26 ശതമാനം പേർ ചിലപ്പോൾ ​ഗുണം ചെയ്തേക്കാമെന്നും അഭിപ്രായപ്പെട്ടു. മുരളീധരൻ നേമത്ത് വരുന്നത് കാര്യമായ മാറ്റം കൊണ്ടുവരില്ലെന്ന് 28 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 19 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമായിരുന്നു നേമം. അതുതന്നെയാണ് നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും. യു.ഡി.എഫിൽ നിന്നും മുരളീധരന് പുറമെ, ബി.ജെ.പിയുടെ ഏക സീറ്റ് നിലനിർത്താന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാൻ വി ശിവന്‍കുട്ടിയുമാണ് മത്സര രം​ഗത്തുള്ളത്.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നേമം മണ്ഡലത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കിയത്. സംഘ്പരിവാറിനെതിരെ പോരാട്ടത്തിന് സംസ്ഥാനത്ത് മുന്നിലാരെന്ന ചോദ്യത്തിന് തടയിട്ടും സംസ്ഥാനത്താകെ പോരാട്ടം കനപ്പിക്കുമെന്ന സൂചന നൽകിയുമാണ് യുഡിഎഫ് പ്രചരണം നടത്തുന്നത്.

ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് നേമത്ത് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ജെ.ഡി.യു എന്ന ഘടകക്ഷിയുടെ സ്ഥാനാർഥിത്വം മുതല്‍ മണ്ഡലത്തിലെ സംഘടനാ ദൗർബല്യം ഉള്‍പ്പെടെ പലതും കോണ്‍ഗ്രസിന്‍റെ പിന്നോട്ടുപോക്കിന് കാരണമാവുകയായിരുന്നു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ കെ മുരളീധരന് ബി.ജെ.പിക്ക് ലഭിച്ച തീവ്രസ്വഭാമല്ലാത്ത ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഹിന്ദു വോട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് സ്വാധീനിക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനോ വി ശിവന്‍കുട്ടിക്കോ കഴിയണമെന്നില്ല. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ മതേതര ക്യാമ്പില്‍ നേരിയ മുന്‍തൂക്കം മുരളീധരന് നേമത്തുണ്ട് എന്നുള്ളതാണ് വസ്തുത.