നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദുചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയാറാക്കിയത്. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2002ലാണ് നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. സിംഗിള്‍ ബെഞ്ചില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായെങ്കിലും ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാരിന് തിരിച്ചടി നല്‍കി. അതിനുശേഷമാണ് കേസ് സുപ്രിംകോടതിയിലേക്കെത്തിയത്.
1953ലാണ് സംസ്ഥാന സര്‍ക്കാരും ജോസഫ് ആന്റ് കമ്പനിയും തമ്മില്‍ പാട്ടക്കരാറുണ്ടാക്കുന്നത്. അതിനുശേഷം അമ്പതേക്കര്‍ ഭൂമി കമ്പനി മറിച്ചുവിറ്റെന്നും ഇത് കരാര്‍ ലംഘനമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.