പത്തനംതിട്ട ഇലന്തൂരിലെ കൊലപാതകം നടന്ന വീടിന് ചുറ്റുമുള്ള പ്രദേശം സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മുൻപ് സമീപപ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും നരബലി കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഭഗവത് സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീടും പരിസരവും ഇപ്പോൾ നാട്ടുകാർക്ക് പേടി സ്വപ്നമാണ്. വീടും പരിസരവും പൂർണമായി കുഴിച്ചു പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. മുൻപ് പരിസരപ്രദേശങ്ങളിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
സ്ഥിരമായി വീട് വൃത്തിയാക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു എന്ന മറവിൽ ഇവർ വിവിധ കുഴികൾ എടുത്തിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. അതെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.
‘എന്നും പുല്ല് ചെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തിരുന്നു; ഇതിന്റെ മറവിൽ കുഴിയെടുക്കുകയായിരിക്കാം’- പ്രദേശവാസികളിൽ ഒരാൾ പറയുന്നു. കുട്ടികളെ പുറത്തുവിടാൻ പോലും ഭയമാണെന്ന് ചിലർ പറയുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി വീടിന്റെ പരിസരത്ത് കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെയും തീരുമാനം. അതേസമയം സംഭവസ്ഥലത്ത് വിവിധയിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്കാണ്.