അറുപത്തിയേഴാമത് നെഹ്രു ട്രോഫി വള്ളം കളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. നെഹ്രു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ജലോത്സവത്തിൽ മുഖ്യ അതിഥിയായെത്തുക.
കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഇതിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ നെഹ്രു ട്രോഫിക്കായി തുഴയെറിയും. നെഹ്രു ട്രോഫിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകൾ സി.ബി.എല്ലിൽ പങ്കെടുക്കും.