നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം.
നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കേണ്ടതുണ്ട്. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യം കണക്കിലെടുക്കുമ്പോള്‍ ക്വാറന്റീന്‍ കാലയളവില്‍ ഇളവിന് ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഉയര്‍ന്നുവന്നത്. പ്രതിദിനം 2000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമല്ലേയെന്ന് കോടതി ചോദിച്ചു. കേരളം ഇപ്പോഴാണ് കൊവിഡിന്റെ ആഘാതം അറിഞ്ഞു തുടങ്ങുന്നത്. ഇതിന് ഒരുകാരണം വിദേശത്ത് നിന്ന് ആള്‍ക്കാര്‍ വരുന്നത് കൊണ്ടാകാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ ക്വാറന്റീന്‍ കാലയളവിലെ ഇളവ്, സാഹചര്യം വിലയിരുത്തി അതത് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.