Kerala

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും. സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളായി അറസ്റ്റ് ചെയ്ത ഏഴുപേര്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടി ആവില്ല എന്നാണ് പൊലീസ് പറയുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘവും ഉടന്‍ കൊല്ലത്തെത്തും.

കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടര്‍ന്ന് വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു വിദ്യാര്‍ത്ഥിനികള്‍. തുടര്‍ന്ന് നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു.