India Kerala

നീറ്റ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മോക്ക് ടെസ്റ്റുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന്‍

നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന്‍ ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റ് നടത്തുന്നു. ഇംപ്രിന്‍റ്സ് ചാരിറ്റി പ്രൊജക്ടിന്‍റെ ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായാണ് മോക്ടെസ്റ്റ്. ഈ മാസം 22നാണ് പരീക്ഷ. മെഡിക്കല്‍ സീറ്റ് സ്വപ്നം കാണുന്നവര്‍ക്ക് നീറ്റ് പരീക്ഷ എങ്ങിനെയാണെന്ന് പരിചയപ്പെടുത്തുകയാണ് എന്‍കോര്‍ എന്ന പേരിട്ട ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റിലൂടെ. 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരീക്ഷ നടത്തിപ്പിന്‍റെ പിറകില്‍ മറ്റൊരു ലക്ഷ്യമുണ്ട്.

തലസീമിയ ഉള്‍പ്പെടെയുള്ള അപൂര്‍വ രോഗം കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ കോളജ് യൂനിയനും പീഡിയാട്രിക് വിഭാഗവും നടത്തുന്ന ഇംപ്രിന്‍റ്സിന്‍റെ ഫണ്ട് സമാഹരണം. മാസം ഒരു ലക്ഷം രൂപയാണ് ഇംപ്രിന്‍റ്സിലൂടെ സഹായം നല്‍കുന്നത്. കോവിഡ് കാലത്ത് ഫണ്ട് സമാഹരണം കാര്യമായി നടന്നില്ല. പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല രോഗികളായ കുഞ്ഞുങ്ങള്‍ക്ക് കൈതാങ്ങായാണ് അവര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനകം നിരവധി കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.