നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല. 2020ലെ നീറ്റ് പരീക്ഷാ ഹാളില്‍ ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാം. എന്നാല്‍ ഇതിനുള്ള അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വിഷയം കോടതി പരിഗണനയില്‍ വന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ബുര്‍ഖ, ഹിജാബ്, കാര, കൃപാണ്‍ എന്നിവ ധരിച്ച് പരീക്ഷ എഴുതുന്നതിന് വിലക്കില്ലെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പേ ഇക്കാര്യം അറിയിച്ച് അനുമതി തേടിയിരിക്കണം എന്ന് ഉത്തരവുണ്ട്. ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളില്‍ എത്തുകയും വേണം എന്ന് വിജ്ഞാപന ഉത്തരവ് പറയുന്നു. 2020 മെയ് 3നാണ് നീറ്റ് പരീക്ഷ നടക്കുക.