India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതി രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ ഇടുക്കി മജിസ്ട്രേറ്റ് പാലിച്ചില്ലെന്നും തൊടുപുഴ സി.ജെ.എം നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ ജൂണ്‍ 12ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും 15ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാല്‍ രാജ്കുമാറിനെ പൊലീസ് ഇടുക്കി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത് 16ന് രാത്രി 10.40നാണ്. 24 മണിക്കൂറിലധികം പ്രതി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്നത് ഇടുക്കി മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. രാജ്കുമാറിന്റെ ആശുപത്രി രേഖകള്‍ പരിശോധിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് ഇടുക്കി മജിസ്ട്രേറ്റിന് സംഭവിച്ചത്.

16ന് രാത്രിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് ജീപ്പില്‍ വച്ചാണ് ഇടുക്കി മജിസ്ട്രേറ്റ് പ്രതി രാജ്കുമാറിനെ കാണുന്നത്. മതിയായ വെളിച്ചമില്ലാതിരുന്ന സ്ഥലത്ത് പൊലീസ് മര്‍ദ്ദനമേറ്റ പ്രതിയുടെ ആരോഗ്യം പോലും ഇടുക്കി മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല എന്നതടക്കമുള്ള വീഴ്ചകളാണ് സംഭവിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.