നെടുങ്കണ്ടം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് സംശയകരമായ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായീകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമാണ് നെടുങ്കണ്ടത്തേതെന്ന് പി.ടി തോമസ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തിൽ കസ്റ്റഡി മർദനത്തിന് മറുപടി പറയേണ്ടി വന്ന വിഷമാവസ്ഥ പരാമർശിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്.
പൊലീസ് പിടികൂടിയപ്പോൾ തന്നെ പ്രതിക്ക് പരിക്കുണ്ടായിരുന്നു. ജയിലിൽ വച്ചും പലതവണ ശാരീരിക അസ്ഥത ഉണ്ടായി. എങ്കിലും സംഭവത്തിൽ സംശയകരമായ സാഹചര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.ഐ അടക്കം നാലു പേരെ സസ്പെന്‍ഡ് ചെയ്തു. 5 പേരെ സ്ഥലം മാറ്റി. ആർക്ക് പങ്കുണ്ടെങ്കിലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
ഈ മാസം 12 ന് രാജ്കുമാറിനെ പിടികൂടിയ പൊലീസ് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച് മൂന്നാം മുറ പ്രയോഗിച്ചതായി പി. ടി തോമസ് ആരോപിച്ചു. രാജ് കുമാർ അംഗമായ തട്ടിപ്പ് സംഘവുമായി സി.പി.എം ജില്ലാ കമ്മറ്റിയംഗം ഗോപകൃഷ്ണന് ബന്ധമുണ്ടെന്നും തോമസ് പറഞ്ഞു. പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ കസ്റ്റഡി മരണം ഉണ്ടായതെന്നും. കേസ് എ.ഡി.ജി.പിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.