ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം തുടരും.
നെടുങ്കണ്ടത്ത് നടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരിന്നു. ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുടുംബം തൃപ്തി രേഖപ്പെടുത്തിയിരിന്നില്ല.
ഇതേതുടര്‍ന്നാണ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും, ജസ്റ്റിസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയോഗിക്കകയും ചെയ്തത്. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്‍റെ കുടുംബം കോടതിയെ സമീപിച്ചു. കുടുംബത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.