India Kerala

മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പി.സി തോമസും പി.സി ജോര്‍ജിന്‍റെ ജനപക്ഷവും; സ്ഥാനാര്‍ഥി നിര്‍ണയം ഉടനെന്ന് ബി.ജെ.പി

പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ ബി.ജെ.പിയിൽ ധാരണ. പി.സി തോമസ് അടക്കമുള്ള എൻ.ഡി.എ നേതാക്കൾ മത്സര സന്നദ്ധത അറിയിച്ചതിനാൽ വിശദമായ ചർച്ചക്ക് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇക്കുറി പാലായിൽ അനുകൂല സാഹചര്യമാണെന്ന് കോഴിക്കോട് ചേർന്ന നേതൃ യോഗം വിലയിരുത്തി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച സാധ്യത ഇക്കുറി ഉണ്ടെന്ന് യോഗം വിലയിരുത്തി. പി.സി തോമസിന്റെ കേരള കോൺഗ്രസ്സും പി.സി ജോർജിന്റെ ജനപക്ഷവും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ നേതൃത്വവും മത്സര സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ബി.ജെ.പി തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം നേതാക്കൾക്കുമുള്ളത്. എന്നാൽ എൻ.ഡി.എ യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന മത സാമുദായിക സംഘടനകളുടെ പിന്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ ഇടതു വിരുദ്ധ വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിക്കപ്പെടില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.