Kerala

പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ

എൻ.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. അതേസമയം മുന്നണി മാറ്റം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

പിളർപ്പിന്‍റെ സൂചനകൾ എൻ.സി.പിയിൽ സജീവമാവുകയാണ്. മുന്നണി മാറ്റ സാധ്യതയിൽ മാണി സി. കാപ്പനും എ.കെ ശശീന്ദ്രനും രണ്ട് തട്ടിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും പാല സീറ്റിൽ മത്സരിക്കുമെന്ന് ആവർത്തിക്കുകയായിരുന്നു മാണി സി. കാപ്പൻ. പാല തരില്ലെന്നാണല്ലൊ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും കാപ്പൻ പറഞ്ഞു.

എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. സീറ്റുകളിൽ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി നാളെ ചർച്ച തുടരും. അന്തിമ തീരുമാനം ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

എന്നാല്‍ മാണി സി. കാപ്പൻ കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാപ്പന് താത്പര്യമുണ്ടെങ്കിൽ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണിമാറ്റത്തിൽ എൻ.സി.പി നിർണായക തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം