എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.
പാലാ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന് പറഞ്ഞു.