India Kerala

കുട്ടനാട് സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു

കുട്ടനാട് സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റേതാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൊച്ചിയില്‍ നേതൃയോഗം നടക്കുന്ന ഹാളിന് സമീപം നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. കുട്ടനാട് സ്ഥാനാർഥി ചർച്ച യോഗത്തിന്റെ അജണ്ടയിലില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.

അതേ സമയം മാണി സി കാപ്പൻ വിഭാഗം കുട്ടനാട് സീറ്റ് വിഷയം യോഗത്തിൽ ഉന്നയിക്കും. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മല്‍സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെടുത്തിയെടുക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം. പാര്‍ട്ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സലിം പി മാത്യു, സുൽഫിക്കർ മയൂരി എന്നീ പേരുകളാണ് ഇവർ മുന്നോട്ട് വെക്കുന്നത്.

എൻസിപി കോർ കമ്മിറ്റി യോഗത്തോടൊപ്പം സംസ്ഥാന ഭാരവാഹി, നിർവാഹക സമിതി യോഗങ്ങളും ഇന്ന് തന്നെ ചേരും. എൻസിപി കുട്ടനാട് സീറ്റ് വിൽക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യോഗം ചേരുന്ന ഹോട്ടലിന് സമീപം യുവജനവേദിയുടെ പേരില്‍ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു.