HEAD LINES Kerala

മു​ഗളന്മാരുടെയും സുല്‍ത്താന്മാരുടെയും ചരിത്രം പഠിപ്പിക്കുന്നതിൽ മാറ്റംവേണം; പ്രൊഫ. സി.ഐ ഐസക്

മു​ഗളന്മാർക്കും സുല്‍ത്താന്മാർക്കും ബ്രിട്ടീഷുകാർക്കും മാത്രം പ്രാധാന്യം നല്‍കിയുള്ള ചരിത്രം പഠിപ്പിക്കുന്നതില്‍ നിന്ന് ഒരു മാറ്റമാണ് ഭാരത് എന്ന പേരുമാറ്റത്തിലൂടെ പ്രധാനമായും ഉദ്ദേശിച്ചതെന്ന് എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും ചരിത്രകാരനുമായ പ്രൊഫസര്‍ സി.ഐ ഐസക്. കുളച്ചല്‍ യുദ്ധമുള്‍പ്പെടെ ഇന്ത്യക്കാരുടെ പോരാട്ടങ്ങള്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

സുല്‍ത്താന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ചരിത്രമാണ് പഠിപ്പിക്കുന്നത് അതിനൊരുമാറ്റം വരണമെന്നാണ് ഉദ്ദേശിച്ചത്. ഇന്ത്യയുടെ പൈതൃകം പഠിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ ഭീകരവാദത്തിലേക്ക് പോവില്ല..ഇതിന് പുറമേ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാ ക്‌ളാസുകളിലും നിര്‍ബന്ധമായും എഴുതി പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. താന്‍ ഉന്നയിച്ച വിഷയം പൊതുജനങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ ആത്മ സംതൃപ്തി തോന്നുന്നുണ്ടെന്നും തന്‌റെ അധ്വാനത്തിന് ഫലം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐഎം നേതാവ് എ. വിജയ രാഘവൻ പറഞ്ഞു. മധ്യകാല മൂല്യങ്ങളിലേക്കുള്ള മടക്ക യാത്രയ്ക്ക് വേണ്ടിയുള്ള പൊതു ബോധ നിർമ്മിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യം നടപ്പാക്കാനാണ് ശ്രമം.

അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് നടക്കുന്നത്. ഇന്ത്യ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മാറ്റുകയാണ് ചെയ്യുന്നത്. ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ യുദ്ധമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. സവർക്കറുടെ അജണ്ടയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഡൽഹിയിൽ വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്‍റെ പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറുടെ നിലപാടാണ് കേന്ദ്രത്തിനുള്ളത്.

ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്‍റെ പ്രശ്‌നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും എംവി ​ഗോവിന്ദൻ ഓര്‍മ്മിപ്പിച്ചു.