യുവ സംവിധായകൻ നയനാ സൂര്യന്റെ മരണത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിൽ. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി ശശികല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആത്മഹത്യ എന്ന നിഗമനമുള്ള മൊഴി താൻ പൊലീസിന് നൽകിയില്ല എന്ന ശശികലയുടെ വെളിപ്പെടുത്തലിൽ പൊലീസ് മറുപടി പറയേണ്ടിവരും.
കൊലപാതക സാധ്യതയാണ് ആദ്യ നിഗമമായി താൻ അറിയിച്ചത് എന്നാണ് ശശികലയുടെ വെളിപ്പെടുത്തൽ. മരണകാരണം കഴുത്തിലെ മുറിവാണെന്നും പുറത്തുവന്ന മൊഴി നൽകിയത് താൻ അല്ലെന്നും ശശികല വ്യക്തമാക്കി. അതേസമയം നയന സൂര്യൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.
തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.