Kerala

നയന സൂര്യയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത.

കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം.നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.

തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.