നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങി പെണ്‍പട. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ നിയോഗിക്കപ്പെടുന്നത്.
സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് ചരിത്രനേട്ടത്തിലേക്ക് ചുവട് വയ്ക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിന് നിയോഗിക്കപ്പെട്ട ആദ്യ വനിതാ ഉദ്യോഗസ്ഥരാണിവര്‍. ബി ടെക്ക് പൂര്‍ത്തിയാക്കിയ രണ്ട് പേരും 2018 ലാണ് നാവികസേനയില്‍ ചേര്‍ന്നത്.കൊച്ചിയിലെ നാവിക സേനാ ഒബ്‌സേര്‍വേഴ്‌സ് അക്കാദമിയാലായിരുന്നു പരിശീലനം.
ഇതുവരെ ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിന്റെ തുടക്കമാണിത്. മലയാളിയായ ക്രീഷ്മയും അഫ്‌നനുമാണ് ഇതേ ബാച്ചില്‍ ദീര്‍ഘദൂര വിമാനങ്ങള്‍ പറത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വനിത ഉദ്യോഗസ്ഥര്‍.