പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ ബൈജു കെ. വാസുദേവൻ അന്തരിച്ചു. തൃശൂർ വാഴച്ചാൽ സ്വദേശിയാണ്.അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ തൃശൂരിലെ കാടുകളിൽ വാർത്തകൾക്കെത്തുമ്പോൾ വഴികാട്ടിയായിരുന്നു ബൈജു.
രണ്ട് ദിവസം മുൻപ് വീട്ടിലെ വാട്ടർ ടാങ്ക് നന്നാക്കുന്നതിനിടെ വീണ് ബൈജുവിന് പരിക്കേറ്റിരുന്നു. കാടും കാനന ജീവികളും.. ഇവർക്കൊപ്പമുള്ള സഞ്ചാരമായിരുന്നു ബൈജുവിന്റെ ഇക്കാലമത്രയുമുള്ള ജീവിതം.. പരിക്കിനുള്ള ചികിത്സയും ഈ നിലപാടിനൊപ്പമായിരുന്നു. പക്ഷെ രണ്ടു ദിവസം മുൻപ് അസുഖം മൂർച്ഛിച്ചു. വാരിയെല്ല് പൊട്ടുകയും കരളിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തൃശൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസ തടസം രൂക്ഷമായി.മരണവും സംഭവിച്ചു. കാടിന്റെയും കാട്ടു മൃഗങ്ങളുടെയും ശബ്ദം അനുകരിച്ച ബൈജു സ്വകാര്യ ചാനലുകളിലൂടെ താരമായി.പരിസ്‌ഥിതിയെ തകർക്കുമെന്നുറപ്പുള്ള വികസന ചർച്ചകളിൽ കാടിന്റെ മകനായി പരിസ്‌ഥിതിക്ക് വേണ്ടി ശബ്ദമുയർത്തിയ പോരാളി ആയിരുന്നു ബൈജു കെ. വാസുദേവൻ. സംസ്കാരം നാളെ വൈകിട്ട് നാലിന് അതിരപ്പിള്ളി പുളിയില പാറയിൽ നടക്കും.