Kerala

ആറുവയസുകാരനെ മര്‍ദിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍

തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതിനിടയില്‍ കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മര്‍ദനം കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി, കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.