കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ അനുബന്ധ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. ഇന്നലെ തന്നെ കൊച്ചിയില്‍ നിന്നും മൂന്ന് വലിയ ക്രയിനുകള്‍ കോട്ടയത്ത് എത്തിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാലം പൊളിക്കുമ്പോള്‍ ട്രാക്കില്‍ വീഴാതിരിക്കാന്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകളും മറ്റും ആലപ്പുഴ വഴി തിരിച്ച് വിട്ടിട്ടുണ്ട്. സമീപത്തെ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് തവണ സ്ഫോടനം നടത്തിയെങ്കിലും പാലം തകര്‍ന്നില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ എടുത്ത കമ്പനിയോട് തന്നെ പാലം പൊളിച്ച് നീക്കാന്‍ റെയില്‍ നിര്‍ദ്ദേശിച്ചത്.