നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് കോടതിയിലെത്തി.
അഭിഭാഷകനോടും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധനോടൊപ്പവുമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു.
ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന്‍ ഉച്ചയ്ക്ക് ശേഷമാണ് ദിലീപ് കോടതിയിലെത്തിയത്.
നടനു വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി കോടതിയില്‍ എത്തിച്ചേര്‍ന്നത്.
ആദ്യം ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ പകര്‍പ്പ് അനുവദിക്കാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ കാണാന്‍ അനുവാദം കൊടുക്കാമെന്നും കോടതി പറഞ്ഞിരുന്നു.
അതിനു ശേഷം ഡിജിറ്റല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതിന് അനുവാദം ലഭിച്ചതിന് ശേഷമാണ് ഇപ്പോള്‍ ദിലീപ് കോടതിയില്‍ ഹാജരായിരിക്കുന്നത്.
2017 ഫെബ്രുവരി 17നാണു പള്‍സര്‍ സുനിയും മറ്റു ഗുണ്ടകളും ക്വട്ടേഷന്‍ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.