കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി സി.പി.എം. പ്രേമചന്ദ്രന്റെ വോട്ട് അഭ്യര്‍ത്ഥനയില്‍ നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രചാരണം.
എന്നാല്‍ കൊല്ലത്തെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രേമചന്ദ്രനെയോ ആര്‍.എസ്.പിയെയോ പരാമര്‍ശിച്ചില്ല. സി.പി.എം നടത്തുന്നത് വ്യക്തിഹത്യയാണെന്ന് തിരിച്ചടിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരോപണത്തെ പ്രതിരോധിക്കുന്നത്.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതു മുതലാണ് എന്‍.കെ പ്രേമചന്ദ്രനെതിരെ സി.പി.എം ബി.ജെ.പി ബന്ധമാരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പടുത്തതോടെ ഈ പ്രചാരണം ശക്തി പ്രാപിക്കുകയും സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന പുറത്തിറങ്ങിയതോടെ സജീവമായിരിക്കുകയുമാണ്. രാഷ്ട്രീയ പിതൃത്വത്തെ ചോദ്യം ചെയ്തുള്ള വ്യക്തിഹത്യയാണിതെന്നാണ് പ്രേമചന്ദ്രന്റെ മറുപടി.