Kerala

അപൂര്‍വ രോഗാവസ്ഥയായ മൈലോഫൈബ്രോസിസ് ബാധിച്ച അനിത ജീവദാതാവിനെ തേടുന്നു

എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ വൈസ് ചെയര്‍മാനും ഇടപ്പള്ളി സ്വദേശിയുമായ അനിത ജീവദാതാവിനെ തേടുന്നു. മജ്ജ സംബന്ധമായ അപൂര്‍വ രോഗാവസ്ഥയായ മൈലോഫൈബ്രോസിസ് ബാധിച്ച അനിതയ്ക്ക് സാമ്യമുള്ള രക്തമൂലകോശം ആവശ്യമാണ്. ഇതിനായി രക്തമൂലകോശ ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്ട്രിയായ ദാത്രിയും മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 28ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മഹാരാജാസ് കോളജിലെ എന്‍എസ്എസ് ഹാളില്‍ വച്ചാണ് ദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പ് നടക്കുന്നത്. സാമ്യം നോക്കുന്നതിന് അണുവിമുക്തായ പഞ്ഞി ഉപയോഗിച്ച് ഉള്‍കവിളില്‍ നിന്ന് സ്വാബ് എടുക്കും. മജ്ജയില്‍ അര്‍ബുദം ബാധിച്ച ഈ രോഗത്തിന് ചികിത്സയ്ക്കായി എച്ച്എല്‍എ സാമ്യമുള്ള ദാതാവിനെയാണ് ആവശ്യം. ഒരിക്കല്‍ സ്വാബ് മാച്ചായി കഴിഞ്ഞാല്‍ ദാതാവില്‍ നിന്ന് മജ്ജയെടുക്കേണ്ട ആവശ്യമില്ല. പകരം, രക്തത്തില്‍ നിന്ന് രക്തമൂലകോശം മാത്രം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.

ഒരു രോഗിക്ക് ഒരു രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നുമുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. പരമാവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതോടെയാണ് കൃത്യായ ദാതാവിനെ കണ്ടെത്താനാകൂ. പങ്കെടുക്കുന്നവര്‍ ക്യാമ്പിലെത്തി വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.

എന്നാല്‍ മുന്‍പ് രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് രക്തം നല്‍കാന്‍ കഴിയുക. ക്യാമ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ 7824833367 എന്ന നമ്പരില്‍ വിളിക്കാം.