Kerala

എം.പി സ്ഥാനം രാജിവെച്ചത് പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്ത്: കുഞ്ഞാലിക്കുട്ടി

ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്.

പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്താണ് രാജിയെന്നും വർഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്നും കുഞ്ഞാലിക്കുട്ടി. ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്.

നിയമസഭാതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ നയിക്കാനായാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചെത്തുന്നത്. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷമാണ് ഡല്‍ഹിയിലെത്തി രാജി സമർപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യം അതാവശ്യമാണെന്ന് പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിൽ സജീവമായാലും ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടും. ഫാസിസം എല്‍.ഡി.എഫും ബി.ജെ.പിയും മത്സരിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ മതേരത്വം ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണി ഞങ്ങളുടേതാണ്.

രാജ്യത്ത് വർഗീയതക്ക് എതിരെ നിലക്കുന്നവർ സംസ്ഥാനത്ത് വർഗീയത പടർത്തുകയാണെന്നും കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുകയാണ്. ഏതാനും വോട്ടിന് വേണ്ടി കേരളത്തിന്റെ നന്മയാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മുസ്‍ലിം ലീഗ് മതേതരത്വത്തിന് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ്. അത് തുടരും. വര്‍ഗീയതയ്ക്കെതിരായ പോരാട്ടവും തുടരും.

കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. വേങ്ങര എം.എൽ.എ ആയിരുന്ന കുഞ്ഞാലിക്കുട്ടി 2019ൽ രാജിവച്ചാണ് മലപ്പുറം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം ലോക്‍സഭാ മണ്ഡലത്തിലും ലീഗ് ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.