നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നുവന്ന വെളിപ്പെടുത്തലിൽ തെളിവ് കൈമാറാൻ തയ്യാറാണെന്ന് ആരോപണമുന്നയിച്ച മുസഫിര്‍ കാരക്കുന്ന്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നെന്ന് ഫേസ്ബുക്കിലൂടെയാണ് മുസ്ഫിർ വ്യക്തമാക്കിയത്.
2017 മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ്, തിരുവനന്തപുരത്തുള്ള ഐ.ടി കമ്പനിയിൽ നിന്ന് വാഗ്ദാനം ലഭിച്ചതെന്ന് മുസഫിർ കാരക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അഞ്ചുകോടി രൂപ നൽകിയാൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തി അനുകൂല വോട്ടുകൾ നേടാം എന്നായിരുന്നു ഫോൺകോൾ മുഖാന്തരമുള്ള വാഗ്ദാനം. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ടും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇത്തരത്തിൽ കൃത്രിമം നടത്തി വിജയിപ്പിച്ചെന്ന് കമ്പനി അവകാശപ്പെട്ടതായും മുസഫിര്‍ വ്യക്തമാക്കിയിരുന്നു. ആരോപണം അന്വേഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡി.ജി.പിയോട് നിർദ്ദേശിക്കുകയും ചെയ്തു. വിഷയത്തിൽ തന്റെ പക്കലുള്ള തെളിവുകൾ നൽകാൻ സന്നദ്ധമാണെന്ന് മുസഫിര്‍ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും മുസഫിര്‍ വ്യക്തമാക്കി. മലപ്പുറത്ത് ഇടതു സ്വതന്ത്രന്മാർ വിജയിച്ച നിലമ്പൂരിലും താനൂരിലുമാണ് കൃത്രിമം നടന്നതെന്ന അഭ്യൂഹങ്ങൾക്കിടെ, വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ വി.അബ്ദുറഹ്മാനും പി.വി അൻവറും രംഗത്തെത്തിയിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ശിക്ഷാ നടപടി നേരിടേണ്ടി വരും.