മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. കോടതി രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.
നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികള്‍ ബോധിപ്പിച്ചു.
അതേസമയം, മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37 ലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്നും ഒരു കേസിൽ ഹർജിക്കാരന് എതിരെ വാറന്റുണ്ടെന്നും സർക്കാരിന് വേണ്ടി പ്രൊസിക്യുഷൻ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്ന വേട്ടയുടെ ഇരയാണ് തങ്ങളെന്നാണ് ഹർജിക്കാർ വാദിച്ചത്.