Kerala

മുട്ടിൽ വനംകൊള്ള: സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കാൻ ബി.ജെ.പി

മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി പ്രതിരോധം തീർക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ട് നടപടി എടുപ്പിക്കാനാണ് ബി ജെ പി ശ്രമം. ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ഇക്കാര്യം ഉന്നയിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് പ്രതിരോധം തീർക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ ഇടപാട് ആരോപണവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലവിലെ സാഹചര്യം സുരേന്ദ്രൻ ധരിപ്പിക്കും. കൊടകര കള്ളപ്പണ ഇടപാട് കേസിൽ സുരേന്ദ്രന്റെ പങ്ക് സംബന്ധിച്ച വാർത്തകൾ വന്നതും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ കേസ് എടുത്തതും ദേശീയ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത്.