മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്റ്.
കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. യോജിപ്പിനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമര സമിതി.
ചില ബാഹ്യശക്തികളുടെ പ്രേരണയിൽ നടക്കുന്ന ചർച്ചക്ക് യാതൊരു പ്രസക്തിയുമില്ലെന്നും തൊഴിലാളി പ്രശ്നമല്ല ക്രമസമാധാന പ്രശ്നങ്ങളാണ് മുത്തൂറ്റിൽ നിലനിൽക്കുന്നതെന്നുമാണ് മുത്തൂറ്റ് എം.ഡി ജോർജ് അലക്സാണ്ടറുടെ നിലപാട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിലാണ് നാല് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച പരാജയപ്പെട്ടത്. ഓണാവധിക്ക് ശേഷം ഇരുവിഭാഗവുമായി വീണ്ടും കൂടിയാലോചന നടത്തി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.