India Kerala

മൂന്നാം സീറ്റിലുറച്ച്‌ മുസ്ലിം ലീഗ്; യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ച് മുസ്ലിം ലീഗ്. പാണക്കാട് ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സീറ്റ് വിഭജനത്തില്‍ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.

മുസ്ലിം ലീഗിന് അധിക സീറ്റ് നല്‍കില്ല, പകരം രാജ്യസഭാ സീറ്റ് നല്‍ക്കുന്ന കാര്യം പരിഗണിക്കമെന്ന വാര്‍ത്ത അണികള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കി. ഇതോടെയാണ് പണക്കാട് ലീഗ് പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയില്‍ അടിയന്തിര നേതൃയോഗം ചേര്‍ന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനും വിട്ട് വീഴ്ച വേണ്ടെന്നും തീരുമാനിച്ചു.

എന്നാല്‍ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കേണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമരാഗ്‌നി ജാഥ സമാപിക്കുന്നതിന് മുന്‍പ് തന്നെ മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തീരുമാനമെടുക്കാനാണ് നേതാക്കളുടെ ശ്രമം.യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ആകൂ എന്ന് പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. സമരാഗ്‌നിയുടെ സമാപനത്തിന് തൊട്ടുപിന്നാലെ സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജാഥയ്ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

പകരം ആവശ്യപ്പെടുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചയാവാം എന്നാണ് നേതാക്കളുടെ നിലപാട്.എന്നാല്‍ അക്കാര്യത്തിലും ഉറപ്പ് നല്‍കിയിട്ടില്ല. അടുത്തദിവസം തന്നെ കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതാക്കള്‍ ഓണ്‍ലൈനായി ഔദ്യോഗിക ചര്‍ച്ച നടത്തും. ലീഗിന്റെ ആവശ്യം ന്യായമാണെന്ന നിലപാട് തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ സമുദായിക സമവാക്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പ്രധാന പ്രശ്‌നം.അധികം വൈകാതെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെയും പ്രതീക്ഷ.