India Kerala

മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നേതാക്കള്‍ക്ക് അസ്വസ്ഥത

മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി വിട്ടു നിന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തത വരുത്താതെ ലീഗ് നേതൃത്വം. മാധ്യമങ്ങള്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്തല്ലേ എന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ മറുപടി. ശരീഅത്ത് ചട്ട ഭേദഗതി നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും ലീഗ് നേതൃത്വം തീരുമാനിച്ചു.

സാമ്പത്തിക സംവരണത്തിലും മുത്തലാഖ് ബില്ലിലും പാര്‍ലമെന്റിലെടുത്ത നിലപാടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം. പാര്‍ട്ടി ചരിത്രപരമായ ദൌത്യം നിറവേറ്റിയെന്നും സംസ്ഥാന സമിതി വിലയിരുത്തി. മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പിലെ ജനറല്‍ സെക്രട്ടറിയുടെ പാര്‍ലമെന്റിലെ അസാനിധ്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നേതൃത്വം നല്‍കിയില്ല.

മുത്തലാഖ് വിവാദവും, സാമ്പത്തിക സംവരണത്തിലെ കോണ്‍ഗ്രസ് നിലപാട് എന്നീ വിഷയങ്ങളിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ പി.കെ കുഞ്ഞാലികുട്ടി അസ്വസ്ഥനാവുകയും ചെയ്തു.

മുത്തലാഖ് വിവാദം വീണ്ടും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകരുതെന്ന കരുതലും ഇതിന് പിന്നിലുണ്ട്. കെ.എ.എസിലെ സംവരണ അട്ടിമറി, ശരീഅത്ത് ചട്ട ഭേദഗതിയിലെ അപാകതകള്‍ എന്നിവ ശക്തമായി ഉയര്‍ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. ശരീഅത്ത് ചട്ട ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കെ.എ.എസില്‍ രാഷ്ട്രീയമായ നീക്കങ്ങള്‍ പുറമേ നിയമ പോരാട്ടവും നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സംസ്ഥാന സമിതി വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന വാര്‍ത്തകളെ തള്ളാനും നേതാക്കള്‍ തയ്യാറായില്ല.