Kerala

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പോസ്റ്റ്‌മോർട്ടം ഇന്ന്

പാലക്കാട് സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകൻ തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മൃദദേഹം ഉച്ചയ്ക്ക് 12 ന് വിലാപയാത്രയായി നാട്ടിലെത്തിക്കും. ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി ജെ പി ഇന്ന് ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ . കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടി. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചത്. യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം,ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി തവണ അരുണിനേയും കുടുംബത്തെയും സിപിഐഎം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.