Kerala

പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന്‍ വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്

അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു

പെട്ടിമുടി ദുരന്തം വേഗത്തില്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകിയതെന്നാണ് കമ്പനിയുടെ വാദം.

കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെയാണ്. രക്ഷാപ്രവര്‍‍ത്തനം ആരംഭിക്കാന്‍ പിന്നെയും വൈകി. മണ്ണിനടിയില്‍ കുടുങ്ങിയ പലരും പുലര്‍ച്ചയോടെയാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ കുറച്ച് പേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു എന്നാണ് സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപകടം നടന്നയുടന്‍ തന്നെ തോട്ടം തൊഴിലാളികള്‍ കെ.ഡി.എച്ച് കമ്പനിയുടെ ഫീല്‍ഡ് ഓഫീസറെ വിവരമറിയിച്ചിരുന്നു. കമ്പനിയുടെ രാജമലയിലെ മാനേജേഴ്‌സ് ബംഗ്ലാവില്‍ നിന്ന് പുറം ലോകവുമായി ബന്ധപ്പെടാന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയിൽ പുറത്തേക്കുള്ള വഴികളിലെല്ലാം മണ്ണിടിഞ്ഞു കിടന്നതും വൈദ്യുതി- വാർത്ത വിനിമയ ബന്ധങ്ങളെല്ലാം തടസ്സപ്പെട്ടതുമാണ് ദുരന്ത വിവരം പുറംലോകത്തെ വേഗത്തില്‍ അറിയിക്കുന്നതിന് തടസമായതെന്ന് കെ.ഡി.എച്ച്.പി കമ്പനി അധികൃതർ പറഞ്ഞു. ഒരുപാലം മാത്രമാണ് പുറത്തേക്കുള്ള വഴി. ഇത് ഗതാഗതയോഗ്യമായിരുന്നില്ല. പുറത്തേക്ക് വരുന്നതിന് ഫീൽഡ് ഓഫീസർ അടക്കം ശ്രമം നടത്തിയെങ്കിലും നടന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.