India Kerala

മുനമ്പം മനുഷ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍

മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. ഇയാളെ കേരളത്തിലെത്തിച്ച ആന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹി പൊലീസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘം രാവിലെ 10 മണിയോടെ കേരളത്തിലെത്തിച്ചു. കൊടുങ്ങല്ലൂരില്‍ കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് സംഘം യാത്രതിരിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഒന്നര ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്ന സംഘത്തിന് നല്‍കേണ്ടത്. കേരള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയില്‍ നടത്തിയ റെയ്ഡില്‍ വിദേശത്തേക്ക് കടന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശി ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് സംഘം തീരം വിട്ടത്. മത്സ്യ ബന്ധനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രീകാന്ത് ബോട്ട് വാങ്ങാന്‍ പങ്കാളിയാക്കിയതെന്ന് സഹഉടമ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു.