India Kerala

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിൻഡോഷി സെഷൻസ് കോടതി ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യാപക്ഷ പരിഗണിച്ചത്. എന്നാല്‍ ബിനോയിക്കെതിരായി യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ പ്രത്യേക അഭിഭാഷകനെ നിയമിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുകായിരുന്നു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് യുവതി വാദിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് വാദിച്ച ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ പരാതിക്കാരിക്ക് പുതിയ അഭിഭാഷകനെ വെക്കുന്നതിനേയും എതിർത്തു .ഇക്കാര്യത്തിൽ കോടതിയിൽ തർക്കം നടന്നതോടെയാണ് എല്ലാവരുടേയും വാദം കേൾക്കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വാദങ്ങൾ എഴുതി നൽകാൻ കോടതി യുവതിയുടെ അഭിഭാഷകനോട് നിർദേശിച്ചത്. ദുബായിക്ക് പോകാനായി യുവതിക്കും കുട്ടിക്കും 2015 ഏപ്രില്‍ 1ന് ബിനോയ് അയച്ച വിസയും രേഖകളും യുവതി കോടതിയില്‍ നല്‍കും. അന്തിമ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും മുംബൈ ദിൻഡോഷി സെഷൻസ് കോടതി നിർദേശിച്ചിരുന്നു.