എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡിനിടെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ സംസ്ഥാന ബാലവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് മുല്ലപ്പള്ളി ചോദിച്ചു. കമ്മീഷന്‍ നടത്തിയത് നാടകമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും നിർബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.
മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.
പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാർഡ് കണ്ടെത്തി. ബിനീഷിന്‍റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട തിരക്കഥക്ക് പിന്നിൽ ഇ.ഡി സംഘമാണെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിച്ചു.
റെയ്ഡിന്‍റെ പേരിൽ കുടുംബാംഗങ്ങളെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചതായും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. ബിനീഷുമായി ബിസിനസ് ബന്ധമുണ്ടെന്ന് കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നടന്ന റെയ്ഡിൽ മൂന്ന് ഫോണുകൾ കസ്റ്റഡിയിലെടുത്തു.