Kerala

കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അതീവ ജാഗ്രത അനിവാര്യമാണ്. പ്രതിദിന ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തൃശൂര്‍ പൂരം നടത്തിപ്പിന് കോണ്‍ഗ്രസ് ഒരുകാലത്തും എതിരല്ലെന്നും കെപിസിസി അധ്യക്ഷന്‍. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോ എന്ന് സര്‍ക്കാരും സംഘാടകരും ആലോചിക്കണം. കെപിസിസി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള്‍ റൂം തുറന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം ചെറിയാന്‍ ഫിലിപ്പിനെ മുല്ലപ്പള്ളി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. വ്യവസ്ഥകള്‍ വച്ച് പാര്‍ട്ടിയിലേക്ക് ആരെയും സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.