India Kerala

ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി

ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി വരുന്നതിലുള്ള അതൃപ്തിയാണ് മുല്ലപ്പള്ളി തുറന്ന് പറഞ്ഞിരിക്കുന്നത്.

ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉള്‍പ്പടെ നാല്‍പതോളം പേരുടെ പട്ടിക ഓരോ ഗ്രൂപ്പും നല്‍കിയിരിന്നു.ഇത്തരത്തില്‍ കെ.പി.സി.സിയ്ക്ക് ജംബോ കമ്മിറ്റി ആകുന്നതിലുള്ള അതൃപ്തിയും മുല്ലപ്പള്ളി വ്യക്തമാക്കി. പട്ടിക കൈമാറിയിട്ടും ഹൈക്കമാന്‍ഡില്‍ നിന്ന് തീരുമാനം വൈകുന്നതിലെ നീരസവും മുല്ലപ്പള്ളിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ജംബോ കമ്മറ്റിയെ മാറ്റി ചെറിയ കമ്മിറ്റിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.