പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല. പകരം കോണ്‍ഗ്രസ് പ്രതിനിധിയെ അയക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കുമെന്ന് ലീഗ് വ്യക്തമാക്കി.
നാളെയാണ് സർവ്വകക്ഷി യോഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി മാതൃകയിൽ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരികാനാണ് സർക്കാർ ആലോചന. എന്നാൽ എല്‍.ഡി.എഫുമായി സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തിൽ കെ പി സി സിയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. സംയുക്ത പ്രക്ഷോഭത്തിനില്ലെന്നും മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്നുമുള്ള സന്ദേശമാണ് സർവ്വകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ മുല്ലപ്പള്ളി നൽകുന്നത്.
സംയുക്ത പ്രക്ഷോഭത്തിന് ലീഗും തയ്യാറല്ല. ഭരണഘടനാ സംരക്ഷണ സമിതി സംബന്ധിച്ച നിലപാട് നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കും. ഒന്നിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് പകരം മറ്റ് തലങ്ങളിലെ സഹകരണം ആകാമെന്നാണ് കോൺഗ്രസ് നിലപാട്. പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുക, സർവ്വകക്ഷി പ്രതിനിധിസംഘം നിവേദനം നൽകുക തുടങ്ങിയ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവ്വകക്ഷി യോഗത്തിൽ മുന്നോട്ടുവെക്കും. മുല്ലപ്പള്ളിക്ക് പകരമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പങ്കെടുക്കും.