Kerala

കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല, പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം; വിമര്‍ശനവുമായി മുല്ലപ്പള്ളി

കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തിലാണ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്.

ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഡിന്നർ നടത്തുന്നതായും റിപ്പോർട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തിലാണ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്.

പരസ്യപ്രസ്താവന നടത്തുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ല. പ്രവര്‍ത്തക സമിതിയോഗവും അത് തന്നെയാണ് പറഞ്ഞത്. പറയാനുളള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണം. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റേതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുളളയാളാണ് ശശി തരൂര്‍. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

ശശി തരൂരും ഗുലാം നബി ആസാദും കബില്‍ സിബലും ഉള്‍പ്പെടെയുള്ള 23 നേതാക്കളാണ് കോണ്‍ഗ്രസില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. എന്നാല്‍ സോണിയാഗാന്ധിയില്‍ പൂര്‍ണമായ വിശ്വാസം അര്‍പ്പിക്കുന്ന രീതിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.