India Kerala

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ച്‌ പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടി സങ്കുചിതമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ദേശീയതാത്പര്യം മുന്‍നിര്‍ത്തി സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്!ലീം ലീഗ് എന്നിവരെ സിപിഎം പ്രശംസിച്ചു..മതാടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ചും മതചിഹ്നങ്ങള്‍ ഉപയോഗിച്ചും നടത്തുന്ന പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലിനെതിരെ രൂപം കൊണ്ട വിശാലഐക്യത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് വസിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ സംഘപരിവാറിന്റെ ലക്ഷ്യമാണ് നടപ്പാക്കപ്പെടുന്നത്. മതജാതിരാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച്‌ എല്ലാവരും ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയാണ് വേണ്ടത്. ഈ ഒരു ചിന്തയുടെ ഭാഗമായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും ചേര്‍ന്ന് ഡിസംബര്‍ 16 ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്.

ഇങ്ങനെയൊരു കൂട്ടായ്മയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്!ലീം ലീഗിന്റേയും സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്നും പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ ഘട്ടത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണെന്നും സിപിഎം അഭിപ്രായപ്പെട്ടു..അതേസമയം സങ്കുചിതമായ രാഷ്ട്രീയ സാഹചര്യത്തിലും സിപിഎം വിരുദ്ധത പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളുടെ ശ്രമം ഖേദകരമാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്‌എസുമായി യോജിച്ച്‌ സമരം നടത്താന്‍ മടിയില്ലാത്ത മുല്ലപ്പള്ളിക്ക് ഇന്ത്യയെ സംരക്ഷിക്കാനുള്ള വിശാല പോരാട്ടത്തില്‍ യോജിക്കാനാവില്ലെന്ന് പറയുന്നത് സങ്കുചിതമനോഭാവം കൊണ്ടാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുന്ന സിപിഎം ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരേയും ക്ഷണിക്കുന്നതായും പാര്‍ട്ടി വ്യക്തമാക്കുന്നു.