Kerala

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.

സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ താക്കോൽ സ്ഥാനത്തിനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാൻഡ് പട്ടികയിൽ കെ.സുധാകരനാണ് മുന്നിൽ. മറ്റൊല്ലാ പരിഗണനകൾക്കും അപ്പുറം പ്രവർത്തകരെ സജീവമാക്കാൻ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.

കെ.സുധാകരന്റെ പേരിൽ വലിയ തടസങ്ങൾ മുതിർന്ന നേതാക്കൾ ഉന്നയിച്ചാൽ ബദൽ നിർദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശിയ നേത്യത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളിൽ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായാൽ പി.ടി തോമസ്സിനെയോ , കെ.മുരളീധരനെയോ യു.ഡി.എഫ് കൺ വീനറായി നിയമിക്കും.